'മെമു' ഷെഡ്ഡിന് രണ്ടുകോടി; പരിശീലനകേന്ദ്രത്തിന് 50 ലക്ഷം

(Posted on: 04 Jul 2009)

 

 

പാലക്കാട്: സബര്‍ബന്‍ ട്രെയിന്‍ മാതൃകയില്‍ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള എം.ഇ.എം.യു. (മെയിന്‍ലൈന്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ്) വണ്ടികള്‍ ഓടിക്കുന്നത് മുന്‍നിര്‍ത്തി പാലക്കാട്ട് അനുവദിച്ച മെയിന്റനന്‍സ് ഷെഡ്ഡിന്റെ പണി വേഗമാക്കാന്‍ റെയില്‍വേ നടപടി.

റെയില്‍വേ ബജറ്റില്‍ നടപ്പുവര്‍ഷത്തേക്ക് 210 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതോടൊപ്പം ഒലവക്കോട്ടനുവദിച്ച റെയില്‍വേ ഡിവിഷന്‍ സാങ്കേതിക പരിശീലനകേന്ദ്രത്തിന് ആദ്യഘട്ടമായി 50 ലക്ഷവും അനുവദിച്ചു.

എം.ഇ.എം.യു. ഷെഡ്ഡിന്റെ നിര്‍മാണം വേഗത്തില്‍ പുരോഗമിക്കുന്നുണ്ട്. അകത്തേത്തറ റെയില്‍വേ ഗേറ്റിനടുത്ത് പ്രധാന ഷെഡ്ഡിന്റെ പണി അന്തിമഘട്ടത്തിലാണ്. മെയിന്റനന്‍സ് ഷെഡ്ഡിന്റെ പണി പൂര്‍ത്തിയാക്കാന്‍ 388 ലക്ഷം കൂടി വേണ്ടിവരുമെന്നും ബജറ്റില്‍ പറയുന്നു.

ഒലവക്കോട്ട് നിര്‍മാണംതുടങ്ങിയ റെയില്‍വേ ഡിവിഷന്‍ സാങ്കേതികപരിശീലനകേന്ദ്രത്തിന് മൂന്നരക്കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ട പ്രവൃത്തികള്‍ക്കാണ് 50 ലക്ഷം അനുവദിച്ചത്. റെയില്‍വേ ഡിവിഷനിലെ മുഴുവന്‍ സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്കും പരിശീലനം നല്കുന്നതിനാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ കേന്ദ്രം ഒലക്കോട്ട് സ്ഥാപിക്കുന്നത്. മൂന്നുവര്‍ഷം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കുക. റെയില്‍വേ ഗ്രൗണ്ടിന് സമീപം ന്യൂകോളനി പ്രദേശത്താണ് കേന്ദ്രം സ്ഥാപിക്കുക. ഇതിനായി ഇവിടെയുള്ള റെയില്‍വേ ക്വാര്‍ട്ടേഴ്‌സുകള്‍ ഇടിച്ചുനിരത്തി നിലമൊരുക്കിക്കഴിഞ്ഞു. ഇവിടെ താമസിച്ചിരുന്നവരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.